Jan 8, 2012

ഭയമാണ് ശത്രു, അതിനെ അകറ്റാം : ഡോ. വേണുഗോപാല്‍ റെഡ്ഡി

അമേരിക്കയില് നടന്ന ഒരു പഠനത്തില് ആളുകളുടെ പ്രധാന ഫോബിയ (അകാരണ ഭയം)കള് ലിസ്റ്റ് ചെയ്തു.

അതില് ഏറ്റവും മുന്നില് നിന്നത് ഗ്ലോസോഫോബിയ എന്ന പൊതു സ്ഥലത്ത് സംസാരിക്കാനുള്ള ഭയം ആയിരുന്നു. പ്രസംഗിക്കാനുള്ള സിദ്ധി ജന്മനാ കിട്ടുന്നതാണെന്നതാണ് പൊതുവെയുള്ള വിശ്വാസം. എന്നാല് മനസുവെച്ചാല് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കഴിവ് മാത്രമാണത് എന്നത് എന്റെ അനുഭവത്തില് നിന്നു തന്നെ ഞാന് മനസിലാക്കിയിട്ടുള്ളതാണ്.

എങ്ങനെ പ്രസംഗകലയില് നിങ്ങള്ക്കും പ്രാവീണ്യം നേടാം.

l പലരെയും പ്രസംഗിക്കുന്നതില് നിന്ന് തടയുന്നത് ഭാഷയിലുള്ള പരിജ്ഞാനക്കുറവാണ്. ഇതിനെ മറികടക്കാന് നിങ്ങളുടെ ഭാഷ ശക്തമാക്കുക. ഇംഗ്ലിഷില് പ്രാവിണ്യമുണ്ടാക്കാന് കുറഞ്ഞത് മൂന്ന് വാക്കുകള്, മൂന്ന് ഇഡിയം, മൂന്ന് ഫ്രെയ്സല് വെര്ബ് എന്നിവ വീതം
ഓരോ ദിവസവും പഠിക്കുക. പഠിച്ചാല് മാത്രം പോര 24 മണിക്കൂറിനുള്ളില് ഈ വാക്കുകള് നിങ്ങളുടെ സംസാരത്തില് ഉപയോഗിക്കുകയും വേണം.

l നമ്മെ കേള്ക്കാനിരിക്കുന്നവര് നമ്മെ വിമര്ശിക്കാനിരിക്കുന്ന വിധികര്തaക്കളാണെന്ന ചിന്ത മാറ്റുക. നിങ്ങള് വന്നിരിക്കുന്നത് ഒരു മല്സരത്തിനല്ല. അവിടെയിരിക്കുന്ന അനേകരെക്കാള് അറിവ് നിങ്ങള്ക്കുണ്ട് എന്ന് ചിന്തിക്കുന്നത് ഭയമകറ്റും.

l സ്റ്റേജിലേക്കും കയറും മുമ്പേ വളരെ സാധാരണരീതിയില് ഇരിക്കുന്ന, നോക്കുമ്പോള് നിങ്ങള്ക്ക് ഒരു കംഫര്ട്ട് തോന്നുന്ന നാലോ അഞ്ചോ ആളുകളെ നോക്കിവെക്കുക. പ്രസംഗിച്ച് തുടങ്ങുമ്പോള് അവരുടെ മുഖങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് പ്രസംഗിക്കുക. തുറിച്ചുനോക്കുന്ന മുഖങ്ങള് നിങ്ങളുടെ സമ്മര്ദ്ദം കൂട്ടിയെന്നിരിക്കും.

l മനസ് ശാന്തമാക്കാന് നിങ്ങളുടെ ഊഴം ആകുമ്പോള് മുതല് ഒരു മിനിറ്റുനേരം ശ്വാസോച്ഛ്വാസം നടത്തണം. ശ്വാസം ഉള്ളിലേക്കു പോകുമ്പോള് 101, 102, 103, 104 എന്നിങ്ങനെ എണ്ണുക. ഇതിന് നാലു സെക്കന്റുനേരം എടുക്കും. ശ്വാസം പുറത്തേക്ക് വിടുമ്പോഴും ഇപ്രകാരം എണ്ണണം. പ്രസംഗിക്കാനായി മൈക്ക് കയ്യിലെടുക്കും വരെ ഇത് തുടരുക.

l സഭാകമ്പം ഉണ്ടാകുന്നത് ആദ്യത്തെ രണ്ട് മിനിറ്റിലാണ്. പ്രസംഗത്തിന്റെ ആദ്യത്തെ രണ്ട് മിനിറ്റ് നിങ്ങള്ക്ക് വിജയകരമായി മറികടക്കാനായാല് മികച്ച രീതിയില് നിങ്ങള്ക്ക് സംസാരിക്കാനാകും.

l പ്രസംഗിക്കുന്ന വിഷയത്തില് ആവശ്യമായ ഹോംവര്ക് ചെയ്തിട്ട് പോകുക. അതേ വിഷയത്തില് ഏറെ പരിജ്ഞാനമുള്ള വ്യക്തികള് സദസിലുണ്ടെങ്കില് ഇതുപോലെ പറയാം, ''കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഈ രംഗത്തുള്ള അനുഭവസമ്പത്തില് നിന്ന് .....നെക്കുറിച്ച് ചില കാര്യങ്ങള് നിങ്ങളുമായി പങ്കുവെക്കാന് ഞാന് ആഗ്രഹിക്കുകയാണ്. ഈ മേഖലയില് എന്നെക്കാള് അറിവുള്ളവര് ഇവിടെയുണ്ട്. എനിക്കുശേഷം അവരുടെ അനുഭവങ്ങളും അറിവുകളും കൂടി പങ്കുവെക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു.'' ഇങ്ങനെ പറയുമ്പോള് നിങ്ങള് ചെറുതാകുന്നില്ലെന്ന് മാത്രമല്ല, വേദിയിലിരിക്കുന്നവരെക്കൂടി ഗൗനിച്ചെന്നും വരും

l ചോദ്യം, കഥ, പ്രശസ്തരുടെ വാക്കുകള് എന്നിങ്ങനെ കേള്ക്കുന്നവരില് ആകര്ഷകത്വം തോന്നിക്കുന്ന എന്തെങ്കിലും കാര്യത്തോടെ വേണം പ്രസംഗം തുടങ്ങാന്.

l എന്ത് പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എങ്ങനെ പറയുന്നു എന്നതും. അതില് ശരീര‘ാഷയ്ക്ക് വലിയ സ്ഥാനമുണ്ട്. കണ്ണാടിയുടെ മുന്നില് നിന്ന് പ്രസംഗം പരിശീലിക്കുന്നത് ശരീരഭാഷ ശരിയാക്കാന് സഹായിക്കും. ഹിറ്റ്ലര് വരെ ഇത്തരത്തില് പരിശീലിച്ചിരുന്നു.

പ്രമുഖ പരിശീലകനും പാന്സൈറ്റ് എന്ന രാജ്യാന്തര പരിശീലന സ്ഥാപനത്തിന്റെ എം.ഡിയും ഫിസിഷ്യനുമാണ് ലേഖകന്.

സ്വന്തമായ ശൈലി രൂപപ്പെടുത്തൂ : എസ്. ആര്‍. നായര്‍

പ്രസംഗത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് മെച്ചപ്പെട്ട ആശയവിനിമയ ശേഷി തന്നെയാണ്. കമ്യൂണിക്കേഷന് എന്നത് ഒരു സ്കില് ആയതിനാല് അത് ആര്ക്കും വളര്ത്തിയെടുക്കാവുന്നതേയുള്ളു. സെയ്ല്സ്, മാര്ക്കറ്റിംഗ് രംഗത്തുള്ളവര് ഇതില് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

എല്ലാവരെയും ആകര്ഷിക്കാന് കഴിയുന്ന, കേട്ടാല് മടുപ്പുതോന്നാത്ത പ്രസംഗം പറയുന്ന വ്യക്തികള് ബിസിനസുകാരാണെങ്കില് ആ ബിസിനസിലേക്കുകൂടി കൂടി ജനങ്ങള് ആകൃഷ്ടരാകും. അത് ബിസിനസിന്റെ വളര്ച്ചയ്ക്കും സഹായിക്കും.

ബിസിനസ് നെറ്റ്വര്ക്കിംഗ് നടത്തേണ്ട സമയത്തും മികച്ച ആശയവിനിമയശേഷി ഉള്ളവര്ക്ക് കൂടുതല് തിളങ്ങാനാകും.

പ്രസംഗത്തില് അനുകരണത്തിന് പകരം സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കുകയാണ് പ്രധാനം. കേള്ക്കുന്നവരുടെ മനസില്
അതു പതിയും. ആകര്ഷകമായി അവതരിപ്പിക്കണമെങ്കില് നമുക്ക് സംസാരിക്കുന്ന വിഷയത്തില് അവശ്യം അറിവുണ്ടായിരിക്കണം. ഉള്ളടക്കം കാമ്പുള്ളതല്ലെങ്കില് എത്ര നന്നായി സംസാരിച്ചാലും കാര്യമില്ല. അറിവുനേടാന് നാം പുതിയ കാര്യങ്ങള് പഠിക്കണം, പഞ്ചേന്ദ്രിയങ്ങള് തുറന്നുവെക്കണം. എല്ലാ സ്രോതസില് നിന്നുമുള്ള അറിവുകള് ശേഖരിക്കുകയും അത് ആകര്ഷകമായി മറ്റുള്ളവര്ക്ക് പറഞ്ഞുകൊടുക്കാനാകുകയും ചെയ്യുമ്പോഴാണ് നല്ല പ്രസംഗകരുണ്ടാകുന്നത്.

കേരളത്തില് പഠിച്ചുവളര്ന്ന് ഇവിടെ ജോലി ചെയ്യുന്നവര്ക്ക് ആശയവിനിമയശേഷി കുറവാണെന്ന് പൊതുവെ പറയാറുണ്ട്. ഇക്കാര്യത്തില് അദ്ധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കുകയും കാര്യമായ പരിശീലനങ്ങള് സ്കൂള് തലം മുതലേ ഉണ്ടാകുകയും ചെയ്താലേ ഇതിന് മാറ്റമുണ്ടാകൂ.

നിങ്ങള്ക്ക് മികച്ച രീതിയില് ആശയവിനിമയം നടത്താനോ പ്രസംഗിക്കാനോ സാധിക്കുന്നില്ലെങ്കില് അത് തിരിച്ചറിയുക തന്നെയാണ് പരമപ്രധാനം. രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാലല്ലേ ഡോക്ടറെ കാണാനും മരുന്ന് കഴിക്കാനും സാധിക്കൂ. അതുപോലെ ഏത് സ്ഥാനത്തിരിക്കുന്നവരായാലും സ്വന്തം പോരായ്മ തിരിച്ചറിഞ്ഞ് മുന്നോട്ടുവന്നാല് മാത്രമേ സ്വയം തിരുത്താനും നിങ്ങളുടെ കഴിവുകള്ക്ക് മൂര്ച്ച കൂട്ടി മുന്നോട്ടുപോകാനും കഴിയൂ.

ടീം ഫ്രണ്ട്ലൈന് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് ലേഖകന്

തയാറെടുപ്പ് വേണം, സന്ദര്‍ഭം നോക്കണം : പ്രൊഫ. എം. കെ. സാനു

മുതിര്ന്ന മാധ്യമപ്രവര്ത്തകനാണ് ലേഖകന്

പ്രസംഗിക്കാനുള്ള കഴിവ് ജന്മസിദ്ധമായി കിട്ടണം എന്നു വേണമെങ്കില് പറയാം. പക്ഷേ, സംഗീതവാസനയോ സാഹിത്യകൗതുകമോ പോലെ അത്രത്തോളം ജന്മസിദ്ധമാകേണ്ടതില്ല. അഥവാ സിദ്ധിക്കെന്നതുപോലെ സാധനയ്ക്കും പ്രസംഗത്തിന്റെ കാര്യത്തില് പ്രാധാന്യമുണ്ട്. വായന, നിരീക്ഷണം, പലതരത്തില്പ്പെട്ട പ്രസംഗങ്ങള് കേള്ക്കല്, കാണല് തുടങ്ങിയ ഒരുപാട് തയാറെടുപ്പുകള് വേണം. പക്ഷേ, ഒരു സദസ്സിനെ അഭിമുഖികരിക്കാനുള്ള സമചിത്തത ആര്ജിക്കലാണ് ഏറ്റവും നിര്ണായകം.

സദസ്സിന്റേയും സന്ദര്ഭത്തിന്റേയും സ്വഭാവം നോക്കി പല ശൈലിയില് പ്രസംഗിക്കാനുമറിയണം.

ഒരു തൊഴിലാളി സമരത്തെ ആവേശം കൊള്ളിപ്പിക്കുമ്പോള് ആവശ്യമായ വൈകാരികമായ വാഗ്സ്ഫോടനമല്ല മുല്ലപ്പെരിയാര് പോലൊരു സെന്സിറ്റീവ് വിഷയത്തില് കൈക്കൊള്ളേണ്ടത്. ഇത്തരം പ്രസംഗങ്ങളില് പക്ഷം പിടിക്കാതെയും വികാരം കൊള്ളാതെയും ശാസ്ത്രീയ കാര്യങ്ങള് പഠിച്ചറിഞ്ഞ് അവതരിപ്പിക്കുകയാണ് വേണ്ടത്.
ശബ്ദക്രമീകരണത്തിലും വേഗതയിലും തെരഞ്ഞെടുക്കുന്ന വാക്കുകളുടെ കാര്യത്തിലും സന്ദര്ഭത്തിനും വിഷയത്തിനുമനുസരിച്ച് മാറ്റങ്ങള് വരുത്തണം. ഒരു നല്ല പ്രാസംഗികനില് ഒരു നല്ല നടനും ഉണ്ടാകുമെന്നു പറയാം.

ഒരു തമാശക്കഥ പറഞ്ഞ് പ്രസംഗമാരംഭിക്കാറുള്ള ആളല്ല ഞാന്. പക്ഷേ, ഒരു ടെക്നിക് എന്ന നിലയില് അതുപയോഗിക്കാം. ആദ്യത്തെ നിര്ണായക മിനിറ്റുകളില് ആളുകളെ കയ്യിലെടുക്കാന് ഇത് ഉപകരിച്ചേക്കും. പക്ഷേ, ഗൗരവമായ കാര്യത്തിലേക്കു കടക്കാന് വൈകരുത്.

കേള്ക്കുമ്പോള് ഗിമ്മിക്കുകളാല് രസം തോന്നിപ്പിക്കുന്നതോ താല്ക്കാലികമായ ആവേശം ജനിപ്പിക്കുന്നതോ ആയ പ്രസംഗത്തെയല്ല ഞാന് മികച്ച പ്രസംഗമായി കരുതുന്നത്. പ്രസംഗം തീര്ന്നശേഷവും കേള്വിക്കാരന് പ്രസംഗപ്രതിപാദ്യം വ്യക്തമായി ഓര്ക്കാനും മറ്റൊരാള്ക്ക് പറഞ്ഞു കൊടുക്കാനും സാധ്യമാവുന്ന പ്രസംഗമാണ് മികച്ച പ്രസംഗം.
അവനനവന് തീര്ച്ചയും സമ്മതം ഉള്ള കാര്യങ്ങളേ പ്രസംഗരൂപത്തില് അവതരിപ്പിക്കാന് മെനക്കെടാവൂ. അവനവന് കണ്വിന്സിംഗ് അല്ലെങ്കില് എങ്ങനെ മറ്റൊരാളെ കണ്വിന്സ് ചെയ്യും? ഒരു തരത്തില് ഇതിനെ ആത്മാര്ത്ഥത എന്നു വിളിക്കാം. തെരുവിലെ മരുന്നു വില്പ്പനക്കാരനും മികച്ച പ്രാസംഗികന് തന്നെ.

പ്രമുഖ നിരൂപകനും ജീവചരിത്രകാരനും അധ്യാപകനും മുന് നിയമസസഭാഗവുമാണ് ലേഖകന്

പ്രസംഗക്കളരികളുടെ കാലം : കെ. എം. റോയ്

മാര്ക്ക് ആന്റണിയുടെ പ്രസംഗം കേട്ട് ഇളകി മറിയുന്ന പുരുഷാരം നിറഞ്ഞ ഒരു റോമാ നഗരമോ ഏലംകുളത്ത് മനയിലെ ശങ്കരന് നമ്പൂതിരിപ്പാടിന്റെ മണിക്കൂറുകള് നീണ്ടുനില്ക്കുന്ന പ്രസംഗം കാതോര്ത്ത് കേട്ടിരിക്കുന്ന ആള്ക്കൂട്ടം നിറഞ്ഞ ഒരു പഴവങ്ങാടി മൈതാനമോ ഇനി ഈ ഭൂമുഖത്ത് ഒരിക്കലും ഉണ്ടാകാന് പോകുന്നില്ല. കാരണം ലോകം മാറി, കാലം മാറി, മനുഷ്യരും മാറി എന്നതാണ്. ആശയവിനിമയത്തിന് ഇന്ന് എത്രയോ പുതിയ സാങ്കേതങ്ങളാണുള്ളത്. ആ മാറ്റങ്ങളെക്കാള് ഏറ്റവും പ്രധാനം, സമയം എന്നതാണ് മനുഷ്യന് ഈ ലോകത്തില് ഏറ്റവും വില കൂടിയതെന്ന യാഥാര്ത്ഥ്യമാണ്. എന്തുകൊണ്ടും പ്രസംഗം എന്നത് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു എന്ന് അര്ത്ഥമാക്കേണ്ടതില്ല. കാര്യമാത്ര പ്രസക്തിയുള്ള വിവരങ്ങള് മനുഷ്യരിലെത്തിക്കാന് ഇന്നും പ്രസംഗങ്ങള്

ഭൂമുഖത്തുടനീളം നടക്കുന്നു. നടക്കുന്നതോ വളരെ ഹ്രസ്വമായ പ്രസംഗങ്ങള്. ഓരോ പ്രത്യേക വിഷയത്തില് താല്പ്പര്യമുള്ള, ഓരോ വിഭാഗം മനുഷ്യര്ക്കും വേണ്ടിയുള്ള ഹ്രസ്വ പ്രസംഗങ്ങള്. അതിന്റെ പിന്നില് മുഖ്യമായും നിഴലിക്കുക വാണിജ്യപരമായ താല്പ്പര്യങ്ങളായിരിക്കും. ജനക്കൂട്ടത്തെ ആകര്ഷിച്ചുകൊണ്ടു നടക്കുന്ന മതപ്രസംഗങ്ങളുടെ കാര്യം കാണാതിരിക്കുന്നില്ല. പക്ഷേ, അത്തരം പ്രസംഗങ്ങളുടെ ദൈര്ഘ്യവും ഓരോ ദിവസവും കുറഞ്ഞുകുറഞ്ഞു വരുകയാണ്.

പക്ഷേ, ലോകത്തില് മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം പ്രസംഗക്കളരികള് നടക്കുന്ന കാലഘട്ടം ഇതാണെന്നുള്ളതാണ് സവിശേഷത. എങ്ങനെ പ്രസംഗത്തിലൂടെ ഏറ്റവും ഫലപ്രദമായി ആശയവിനിമയം നടത്താന് കഴിയുമെന്നതിനെ സംബന്ധിച്ചുള്ള പരിശീലനക്കളരികള്. ആ പ്രസംഗ പരിശീലനം വാക്കുകള് കൊണ്ടുള്ള പ്രസംഗത്തെ സംബന്ധിച്ച് മാത്രമായിരിക്കില്ല. വാക്കുകളോടൊപ്പം മറ്റ് ദൃശ്യ ഉപകരണങ്ങളും ആ ആശയവിനിമയത്തിനായി ഉപയോഗപ്പെടുത്തുന്നു. കാരണം, പറയുന്ന ആശയം സംശയങ്ങള്ക്കിട നല്കാത്ത വിധത്തിലോ ലക്ഷ്യസ്ഥാനത്തു തന്നെ കൊള്ളുന്ന വിധത്തിലോ എത്തിക്കാന് അങ്ങനെയുള്ള ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിക്കേണ്ടിയിരിക്കുന്നു എന്ന് ആധുനിക പ്രസംഗ പരിശീലകര്ക്കറിയാം.
ആധുനിക ജീവിതത്തിലെ സാമൂഹ്യബന്ധങ്ങള്ക്ക് പ്രസംഗം അനിവാര്യമായിത്തീരുന്നുണ്ട്. വിവിധ സംഘടനകളിലും എന്തിന് കുടുംബക്കൂട്ടായ്മകളില്പോലും പ്രസംഗം അനിവാര്യമായിരിക്കുന്നു. ഹ്രസ്വപ്രസംഗങ്ങള്ക്കാണെങ്കിലും പരിശീലനം വേണ്ടിയിരിക്കുന്നു എന്നതാണ് വസ്തുത. സഭാകമ്പമാണ് കന്നിക്കാരെ അലട്ടുന്ന പ്രധാന പ്രശ്നം. അവരാണ് പ്രസംഗത്തിന് പരിശീലനം ആവശ്യമാക്കിത്തീര്ക്കുന്നത്.

പക്ഷേ, ലോകത്തെവിടെയും ഗൗരവതരമായ പ്രശ്നങ്ങള് അവതരിപ്പിച്ചുകൊണ്ടണ്ടുള്ള പ്രസംഗങ്ങള് നടത്തപ്പെടുന്നത് എഴുതി തയാറാക്കി വായിക്കുന്ന രീതിയിലാണ്. അങ്ങനെയുള്ള കാര്യപ്രസക്തമായ പ്രസംഗങ്ങള് എഴുതി തയാറാക്കുന്നതാവട്ടെ ഗോസ്റ്റ് റൈറ്റര് എന്നുപറയുന്ന പ്രൊഫഷണല് എഴുത്തുകാരുമായിരിക്കും. പ്രസംഗത്തിന്റെ ആ ചാലിലേക്ക് നമ്മുടെ നാട് ഇനിയും പൂര്ണമായി കടക്കാത്തതുകൊണ്ടാണ് പ്രസംഗം നമ്മുടെ നാട്ടില് ഇപ്പോഴും പ്രശ്നമായി നിലകൊള്ളുന്നത്.