മാര്ക്ക് ആന്റണിയുടെ പ്രസംഗം കേട്ട് ഇളകി മറിയുന്ന പുരുഷാരം നിറഞ്ഞ ഒരു റോമാ നഗരമോ ഏലംകുളത്ത് മനയിലെ ശങ്കരന് നമ്പൂതിരിപ്പാടിന്റെ മണിക്കൂറുകള് നീണ്ടുനില്ക്കുന്ന പ്രസംഗം കാതോര്ത്ത് കേട്ടിരിക്കുന്ന ആള്ക്കൂട്ടം നിറഞ്ഞ ഒരു പഴവങ്ങാടി മൈതാനമോ ഇനി ഈ ഭൂമുഖത്ത് ഒരിക്കലും ഉണ്ടാകാന് പോകുന്നില്ല. കാരണം ലോകം മാറി, കാലം മാറി, മനുഷ്യരും മാറി എന്നതാണ്. ആശയവിനിമയത്തിന് ഇന്ന് എത്രയോ പുതിയ സാങ്കേതങ്ങളാണുള്ളത്. ആ മാറ്റങ്ങളെക്കാള് ഏറ്റവും പ്രധാനം, സമയം എന്നതാണ് മനുഷ്യന് ഈ ലോകത്തില് ഏറ്റവും വില കൂടിയതെന്ന യാഥാര്ത്ഥ്യമാണ്. എന്തുകൊണ്ടും പ്രസംഗം എന്നത് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു എന്ന് അര്ത്ഥമാക്കേണ്ടതില്ല. കാര്യമാത്ര പ്രസക്തിയുള്ള വിവരങ്ങള് മനുഷ്യരിലെത്തിക്കാന് ഇന്നും പ്രസംഗങ്ങള്
ഭൂമുഖത്തുടനീളം നടക്കുന്നു. നടക്കുന്നതോ വളരെ ഹ്രസ്വമായ പ്രസംഗങ്ങള്. ഓരോ പ്രത്യേക വിഷയത്തില് താല്പ്പര്യമുള്ള, ഓരോ വിഭാഗം മനുഷ്യര്ക്കും വേണ്ടിയുള്ള ഹ്രസ്വ പ്രസംഗങ്ങള്. അതിന്റെ പിന്നില് മുഖ്യമായും നിഴലിക്കുക വാണിജ്യപരമായ താല്പ്പര്യങ്ങളായിരിക്കും. ജനക്കൂട്ടത്തെ ആകര്ഷിച്ചുകൊണ്ടു നടക്കുന്ന മതപ്രസംഗങ്ങളുടെ കാര്യം കാണാതിരിക്കുന്നില്ല. പക്ഷേ, അത്തരം പ്രസംഗങ്ങളുടെ ദൈര്ഘ്യവും ഓരോ ദിവസവും കുറഞ്ഞുകുറഞ്ഞു വരുകയാണ്.
പക്ഷേ, ലോകത്തില് മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം പ്രസംഗക്കളരികള് നടക്കുന്ന കാലഘട്ടം ഇതാണെന്നുള്ളതാണ് സവിശേഷത. എങ്ങനെ പ്രസംഗത്തിലൂടെ ഏറ്റവും ഫലപ്രദമായി ആശയവിനിമയം നടത്താന് കഴിയുമെന്നതിനെ സംബന്ധിച്ചുള്ള പരിശീലനക്കളരികള്. ആ പ്രസംഗ പരിശീലനം വാക്കുകള് കൊണ്ടുള്ള പ്രസംഗത്തെ സംബന്ധിച്ച് മാത്രമായിരിക്കില്ല. വാക്കുകളോടൊപ്പം മറ്റ് ദൃശ്യ ഉപകരണങ്ങളും ആ ആശയവിനിമയത്തിനായി ഉപയോഗപ്പെടുത്തുന്നു. കാരണം, പറയുന്ന ആശയം സംശയങ്ങള്ക്കിട നല്കാത്ത വിധത്തിലോ ലക്ഷ്യസ്ഥാനത്തു തന്നെ കൊള്ളുന്ന വിധത്തിലോ എത്തിക്കാന് അങ്ങനെയുള്ള ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിക്കേണ്ടിയിരിക്കുന്നു എന്ന് ആധുനിക പ്രസംഗ പരിശീലകര്ക്കറിയാം.
ആധുനിക ജീവിതത്തിലെ സാമൂഹ്യബന്ധങ്ങള്ക്ക് പ്രസംഗം അനിവാര്യമായിത്തീരുന്നുണ്ട്. വിവിധ സംഘടനകളിലും എന്തിന് കുടുംബക്കൂട്ടായ്മകളില്പോലും പ്രസംഗം അനിവാര്യമായിരിക്കുന്നു. ഹ്രസ്വപ്രസംഗങ്ങള്ക്കാണെങ്കിലും പരിശീലനം വേണ്ടിയിരിക്കുന്നു എന്നതാണ് വസ്തുത. സഭാകമ്പമാണ് കന്നിക്കാരെ അലട്ടുന്ന പ്രധാന പ്രശ്നം. അവരാണ് പ്രസംഗത്തിന് പരിശീലനം ആവശ്യമാക്കിത്തീര്ക്കുന്നത്.
പക്ഷേ, ലോകത്തെവിടെയും ഗൗരവതരമായ പ്രശ്നങ്ങള് അവതരിപ്പിച്ചുകൊണ്ടണ്ടുള്ള പ്രസംഗങ്ങള് നടത്തപ്പെടുന്നത് എഴുതി തയാറാക്കി വായിക്കുന്ന രീതിയിലാണ്. അങ്ങനെയുള്ള കാര്യപ്രസക്തമായ പ്രസംഗങ്ങള് എഴുതി തയാറാക്കുന്നതാവട്ടെ ഗോസ്റ്റ് റൈറ്റര് എന്നുപറയുന്ന പ്രൊഫഷണല് എഴുത്തുകാരുമായിരിക്കും. പ്രസംഗത്തിന്റെ ആ ചാലിലേക്ക് നമ്മുടെ നാട് ഇനിയും പൂര്ണമായി കടക്കാത്തതുകൊണ്ടാണ് പ്രസംഗം നമ്മുടെ നാട്ടില് ഇപ്പോഴും പ്രശ്നമായി നിലകൊള്ളുന്നത്.
No comments:
Post a Comment